അടയ്ക്കുക

    ആമുഖം

    ലോക് അദാലത്തുകൾ നടത്തുന്നതിനും നാൽസയുടെ നയങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിനുമായി കെൽസ രൂപീകരിച്ചിരിക്കുന്നു.

    സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാൽ ഒരു പൗരനും നീതി നേടാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും തുല്യ അവസരത്തിന്റെ അടിസ്ഥാനത്തിൽ നിയമവ്യവസ്ഥയുടെ പ്രവർത്തനം നീതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നതിനും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനങ്ങൾ നൽകുന്നതിനുമായിട്ടാണ് 1987 ലെ ലീഗൽ സർവീസസ് അതോറിറ്റീസ് ആക്റ്റ് നടപ്പിലാക്കിയത്. “എല്ലാവർക്കും നീതി” എന്നതാണ് ലീഗൽ സർവീസസ് അതോറിറ്റികളുടെ മുദ്രാവാക്യം. സമൂഹത്തിലെ ദരിദ്രർക്കും ദുർബലർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ സ്ഥാപിക്കുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) നിയമ സഹായം നൽകുന്നു. സ്കൂൾ, കോളേജ് തലങ്ങളിൽ നിയമ സാക്ഷരതാ ക്ലാസുകൾ, സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകൾക്കായി നിയമാവബോധ ക്ലാസുകൾ തുടങ്ങിയ നിരവധി വിപ്ലവകരമായ പരിപാടികൾ നടക്കുന്നുണ്ട്. മുതിർന്ന അഭിഭാഷകർ, ജൂനിയർ അഭിഭാഷകർ, വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള അഭിഭാഷകർ എന്നിവരുടെ നിയമ സഹായ പാനലുകൾ ഞങ്ങളുടെ പക്കലുണ്ട്.

    സംസ്ഥാന അതോറിറ്റി, ഹൈക്കോടതി നിയമസേവന കമ്മിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ എന്നിവയാണ് അഭിഭാഷക പാനലുകൾ തയ്യാറാക്കുന്നത്. നിയമസഹായം ആവശ്യമുള്ളവർക്ക് ഈ അഭിഭാഷകർ നിയമസഹായം നൽകുന്നു. വിവിധ പരിശീലന പരിപാടികളിലും സ്കൂൾ, കോളേജ് തല സാക്ഷരതാ പരിപാടികളും നയിക്കുന്നു. 14 ജില്ലകളിലെ ജില്ലാ ജഡ്ജിമാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ ചെയർമാന്മാരായി പ്രവർത്തിക്കുന്നു. കൂടാതെ, ലീഗൽ സർവീസസ് അതോറിറ്റീസ് ആക്ടിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി 62 താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾക്ക് അതത് കേന്ദ്രങ്ങളിലെ ഏറ്റവും മുതിർന്ന ജുഡീഷ്യൽ ഓഫീസർമാരാണ് നേതൃത്വം കൊടുക്കുന്നത്. പൊതുഉപയോഗ സേവനങ്ങളുമായി ബന്ധപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റീസ് ആക്ടിന് കീഴിൽ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും സ്ഥിരം ലോക് അദാലത്തുകൾ പ്രവർത്തനം ആരംഭിച്ചു.കൂടാതെ, കാലാകാലങ്ങളായി നിലനിൽക്കുന്ന നിയമത്തർക്കങ്ങൾക്ക് മധ്യസ്ഥതയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ കേരളത്തി ലുടനീളം 16 ബദൽ തർക്കപരിഹാര (എ.ഡി.ആർ)സെന്ററുകൾ നടത്തുന്നു. എക്സിക്യൂട്ടീവ് ചെയർമാന്റെ നേതൃത്വത്തിൽ, “എല്ലാവർക്കും നീതി” എന്ന നിശ്ചിത ലക്ഷ്യം കൈവരിക്കുന്നതിനായി കെൽ‌സ മുന്നോട്ട് നീങ്ങുന്നു.